ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കൾക്ക് എതിരെ കേസെടുത്ത് പൊലീസ്. നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും അദ്ദേഹത്തിൻ്റെ സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനുമെതിരെ ആണ് പോലീസ് കേസെടുത്തത്.

അയൽവാസിയായ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്. കൃഷ്ണ പ്രസാദിൻ്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിൻ്റെ സിസിടിവി (CCTV) ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ ഡോക്ടർ നിലവിൽ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, താൻ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് നടൻ കൃഷ്ണപ്രസാദ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.

