മലപ്പുറം: കേരളത്തിലെ ആദ്യ ട്രൈബൽ മൾട്ടിപർപ്പസ് സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിവഹിച്ചത്. മലപ്പുറം ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ്ബ് കെട്ടിടമാണ് കേരളത്തിലെ ആദ്യ ട്രൈബൽ മൾട്ടിപർപ്പസ് സെൻ്ററായി പ്രവർത്തനം ആരംഭിച്ചത്.

സംസ്ഥാന ആരോഗ്യമേഖലയിലെ ‘ആരോഗ്യ കേരളം’ പദ്ധതിയുടെ ഭാഗമായാണ് മൾട്ടിപർപ്പസ് സെൻ്ററിൻ്റെ പ്രവർത്തനം. ദുര്‍ഘട മേഖലകളിലെ ഗോത്രവർഗ വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സെൻ്റർ സ്ഥാപിച്ചിരിക്കുന്നത്.
കെട്ടിടത്തിൻ്റെ ശിലാഫലകം പി കെ ബഷീർ അനാച്ഛാദനം ചെയ്തു. 67. 5 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രൈബൽ മൾട്ടിപർപ്പസ് സെൻ്റർ നിർമ്മിച്ചത്. കാത്തിരിപ്പ് മുറി, പരിശോധന മുറി, ഐയുഡി മുറി, പ്രതിരോധ കുത്തിവെപ്പ് മുറി എന്നിവയടങ്ങിയ സൗകര്യങ്ങൾ ട്രൈബൽ മൾട്ടിപർപ്പസ് കേന്ദ്രത്തിൽ ഉണ്ടെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യവകുപ്പ്, ഐസിഡിഎസ്, ഐടിപിഡി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാകും സെൻ്ററിൻ്റെ പ്രവർത്തനം.

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിൻ്റെ സേവനം ഉറപ്പുവരുത്തുമെന്നും ഗോത്രവർഗ ഉന്നതികളിലെ ആശമാർ, അങ്കണവാടി പ്രവർത്തകർ, എന്നിവർ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിവിധ വൃത്തങ്ങൾ പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാന്‍ പ്രയാസമുള്ള ഉള്‍നാടന്‍ ഗോത്രവര്‍ഗ മേഖലകളിലെ എല്ലാ സേവനങ്ങളും ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് ട്രൈബൽ മൾട്ടിപർപ്പസ് സെൻ്ററിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

മൾട്ടിപർപ്പസ് സെന്റർ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് മികച്ച രീതിയിൽ പ്രയോജനപ്രദവും ആശ്വാസവും സഹായകരവുമാകുമെന്ന് ആശംസിക്കുന്നതായി മന്ത്രി വീണ ജോർജ് പറഞ്ഞു. “ആരോഗ്യ മേഖലയിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുന്നത് 2023 ലാണ്. ആരോഗ്യ രംഗത്തുണ്ടായ വിടവുകളെ മാറ്റാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സഹായകരമാക്കിയിട്ടുണ്ട്,” വീണ ജോർജ് കൂട്ടിച്ചേർത്തു. പി കെ ബഷീറിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു.
