കൊച്ചി:ഡൽഹി മെട്രോയ്ക്ക് ശേഷം യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചെറിയ രീതിയിൽ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്ന രാജ്യത്തെ മെട്രോ സിസ്റ്റമായി മാറാനൊരുങ്ങി കൊച്ചി മെട്രോ. രാജ്യത്തെ എല്ലാ മെട്രോ സർവീസുകളിലും ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് കൊച്ചി മെട്രോയുടെ നീക്കം. ആദ്യ ഘട്ടത്തിൽ ചെറിയ രീതിയിൽ ചരക്ക് ഗതാഗതം ആരംഭിക്കുന്നതിലൂടെ വരുമാന വർധനവും കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.

ഈ വർഷം മാർച്ചിൽ ഡൽഹി മെട്രോ കോർപ്പറേഷൻ ബ്ലൂ ഡാർട്ടുമായി ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് കരാറിലെത്തിയിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മാതൃകയാണ് കൊച്ചി മെട്രോയും പിന്തുടരാൻ പോകുന്നത്.
യാത്രക്കാർ കൂടുതൽ ഇല്ലാത്ത സമയങ്ങളിലായിരിക്കും കൊച്ചി മെട്രോയിലെ ചരക്ക് ഗതാഗതം എന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ഒരു തരത്തിലുമുള്ള അസൗകര്യവും ഉണ്ടാക്കാതെയാവും ഈ പദ്ധതി നടപ്പിലാക്കുക എന്നും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.

കൊച്ചി നഗരത്തിലെ ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ ഉൾപ്പെടെയുള്ളവർക്ക് കൊച്ചി മെട്രോയുടെ ഈ പദ്ധതി ഗുണം ചെയ്യും. ഉത്പന്നങ്ങൾ നഗരത്തിലെ വാഹനത്തിരക്കിൽ കുടുങ്ങാതെ മെട്രോയിലൂടെ വേഗത്തിലെത്തിക്കാം എന്നത് ബിസിനസുകാരെ ആകർഷിച്ചേക്കും.ചരക്ക് ഗതാഗതം മെട്രോയിലൂടെ കൂടി സാധ്യമായാൽ റോഡിലെ വാഹന തിരക്കിനും കുറവ് വന്നേക്കും. വായുമലിനീകരണവും കുറയ്ക്കാനാവും.

