പത്തനംതിട്ട: ശബരിമല ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. 11:45നാണ് രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറച്ചു.

പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു.
11:30 ഓടെയാണ് പ്രത്യേക വാഹന വ്യൂഹത്തിൽ രാഷ്ട്രപതി സന്നിധാനത്തേക്ക് തിരിച്ചത്. പോലീസിൻ്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിലാണ് 15 മിനിറ്റ് കൊണ്ട് സന്നിധാനത്തേക്ക് എത്തിയത്. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് പതിനെട്ടാം പടി കയറിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നിൽ ദേവസ്വം മന്ത്രി വിഎൻ വാസവനും ഉണ്ടായിരുന്നു.

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതി വിശ്രമിക്കുക. മൂന്ന് മണി വരെ രാഷ്ട്രപതി അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിൻ്റെ ഉപഹാരമായി കുമ്പിളിൻ്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

