തിരുവനന്തപുരം: ഓണം ബമ്പറിൻ്റെ 25 കോടിയ്ക്ക് പിന്നാലെ മറ്റൊരു ബമ്പർ ലോട്ടറി നറുക്കെടുപ്പിലേക്ക് കേരളം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റ പൂജാ ബമ്പര്‍ (Pooja Bumper BR-106 Lottery) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ലോട്ടറി ഭവനിലാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് പൂജാ ബമ്പറിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക.

ഓണം ബമ്പറിൻ്റെ ആവേശത്തിന് പിന്നാലെ നടക്കുന്ന ബമ്പർ ടിക്കറ്റ് നറുക്കെടുപ്പാണ് ഇന്നത്തേത്. ഓണം ബമ്പറിൻ്റെ 25 കോടി ലഭിക്കാത്ത നിരാശയിലാണ് പലരും പൂജാ ബമ്പർ ടിക്കറ്റ് എടുത്തത്. ആർക്കാകും ഒന്നാം സമ്മാനമെന്ന് വൈകാതെ അറിയാൻ കഴിയും. ഇന്നത്തെ ബമ്പറിലൂടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരക്കും ലഭിക്കും.
പൂജാ ബമ്പർ ലോട്ടറിയുടെ മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുക. ഓരോ പരമ്പരയിലും രണ്ട് പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും ലഭിക്കും.

തദ്ദേശ തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൂജാ ബമ്പർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് ഔപചാരിക ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. ഇക്കാര്യം കഴിഞ്ഞദിവസം തന്നെ കേരള ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ് അറിയിച്ചിരുന്നു.

ആകെ 45 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരീസുകളിലായാണ് നറുക്കെടുപ്പ് നടക്കുന്നത്. പൂജ ബമ്പർ ടിക്കറ്റിന് 300 രൂപയായിരുന്നു വില.
