തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയതായി സൂചനയുണ്ട്.

കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിലടക്കം കൂടുതൽ വ്യക്തത വരുമെന്നാണ് എസ്ഐടി സംഘം കരുതുന്നത്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഒരുങ്ങുന്നുണ്ട്. ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തേക്കും.
അതിനിടെ, ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ എസ്ഐടി സംഘം നടത്തിയ പരിശോധന പൂർത്തിയായി. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് സൂചന. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ശബരിമലയിലെ സ്വർണക്കട്ടിളപ്പാളിയും ദ്വാരപാലകശിൽപങ്ങളിലെ സ്വർണക്കവചവും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ പ്രസിഡന്റ് നിർദേശിച്ചതായി ദേവസ്വം ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഈ നിർദേശത്തെ സാധൂകരിക്കുന്ന മൊഴികൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

2019 ഫെബ്രുവരി മുതലാണ് പത്മകുമാർ ഇതിനുള്ള ശ്രമങ്ങളും ഗൂഢാലോചനയും ആരംഭിച്ചത്. ഈ തീരുമാനം ബോർഡ് അംഗങ്ങൾക്ക് മുന്നിൽ വെച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ, പത്മകുമാറിന്റെ നിർദേശത്തെ ബോർഡ് അംഗങ്ങൾ പൂർണമായി അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും, പത്മകുമാർ നിർദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയ്യാറാക്കുന്ന ഇടപാടുകൾ ആരംഭിച്ചു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
