കോഴിക്കോട്: വെൽഫെയർ പാർട്ടി- യുഡിഎഫ് കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുവേണ്ട, കൂട്ടുകൂടിയാൽ എല്ലാത്തിനെയും അവർ തകർക്കും. അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും, അതിനെ പ്രതിരോധിക്കണം. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം.

പാണക്കാട് സാദിഖലി തങ്ങൾ പങ്കെടുത്ത വേദിയിലാണ് പരസ്യ വിമർശനം. തുറന്ന കൂട്ടുകെട്ടില്ലെങ്കിലും, യു.ഡി.എഫ്., വെൽഫെയർ പാർട്ടി ബന്ധം അടിവരയിടുന്ന തരത്തിൽ സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. മുക്കം മുനിസിപ്പാലിറ്റിയിലെ കണക്കുപറമ്പിൽ നിന്നും മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറാ കൂടാരത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എത്തിക്കഴിഞ്ഞു.
ഹിന്ദു, ക്രിസ്ത്യൻ വോട്ടർമാരുടെ എതിർപ്പ് ഭയന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുമായി സംസ്ഥാനതലത്തിൽ തുറന്ന സഖ്യത്തിന് പോകേണ്ടതില്ലെന്നാണ് യുഡിഎഫ് നേരത്തെ കൈകൊണ്ട തീരുമാനം.

എന്നിരുന്നാലും, വെൽഫെയർ പാർട്ടിയുമായി മുന്നണിക്ക് പ്രാദേശികതല ധാരണയുണ്ടാകുമെന്ന് അടിവരയിടുന്ന സ്ഥാനാർത്ഥിത്വം ഉണ്ടായിക്കഴിഞ്ഞു.
മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ മാത്രമേ സീറ്റ് വിഭജനം നടത്താവൂ എന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞിരുന്നു.

തീരുമാനം എടുക്കുമ്പോൾ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്തിരുന്നോ എന്ന ചോദ്യത്തിന്, അത് യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കോൺഗ്രസ് ഒരു പ്രത്യേക സ്ഥാപനമല്ലെന്നും അതിനാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പാർട്ടിക്ക് ഒരുപോലെയാണ് തീരുമാനമെന്നും ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
