ആൾക്കൂട്ട അക്രമങ്ങൾ എതിർക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. അതിനെ അനുകൂലിക്കുന്നില്ല. അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയവർ സിപിഐഎമ്മുകാരായിരുന്നു. രാഷ്ട്രീയമോ നിറമോ നോക്കിയല്ല എതിർക്കേണ്ടത്.

വാളയാർ അക്രമത്തിൽ സിഐടിയുവിന്റെ പ്രവർത്തകനും ഉണ്ട്. രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് നിയന്ത്രിക്കുന്നതിൽ സർക്കാർ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും സി കൃഷ്ണകുമാർ ചോദിച്ചു.
അതേസമയം വാളയാർ ആൾക്കൂട്ട കൊലയിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തം. പിടിയിലായ പ്രതികളിൽ 4 പേർ BJP അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

1, 2, 3, 5 പ്രതികൾ BJP അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദൻ CITU പ്രവർത്തകനെന്നും റിപ്പോർട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരയണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. എം ഗോപകുമാർ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേൽനോട്ടം വഹിക്കും. എസ് സി/എസ്ടി അട്രോസിറ്റി ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മർദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ പറഞ്ഞു.
