എറണാകുളം: രാജ്യത്താദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. നേപ്പാൾ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ യുവതിക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യാതിർത്തികൾ ഭേദിച്ചുള്ള കേരളത്തിന്റെ കരുതലിന്റെ നേർസാക്ഷ്യമായി ഈ ശസ്ത്രക്രിയ മാറുകയാണ്.

ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടിയെത്തിയ നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിക്കാണ് പുതുജീവൻ ലഭിക്കുന്നത്. ഹൃദയഭിത്തികൾക്ക് കനം കൂടുന്ന അവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിലെ വലിയ ചികിത്സാചെലവ് താങ്ങാനാകാത്തതിനാലാണ് പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയെ സമീപിച്ചത്.
വിദേശ വനിതയായതിനാൽ അവയവ ദാനത്തിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്. അനുയോജ്യമായ ദാതാവിനെ കാത്ത് മാസങ്ങളായി ഇവർ കേരളത്തിൽ തുടരുകയായിരുന്നു.

കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി 47 വയസ്സുള്ള ഷിബുവിന്റെ ഹൃദയമാണ് ജനറൽ ആശുപത്രിയിലെത്തിച്ച് നേപ്പാൾ സ്വദേശിനിക്ക് നൽകുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബുവിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവനെ നഷ്ടമായ വേദനയ്ക്കിടയിലും അവയവദാനത്തിന് ഷിബുവിന്റെ ബന്ധുക്കൾ സന്നദ്ധരായതോടെയാണ് ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എയർ ആംബുലൻസ് മാർഗമാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഇതിനുമുമ്പ് പലതവണ ഹൃദയവുമായി എയർ ആംബുലൻസുകൾ കൊച്ചിയിൽ എത്തിയിട്ടുണ്ടെങ്കിലും അതെല്ലാം സ്വകാര്യ ആശുപത്രിയായ ലിസിയിലേക്കായിരുന്നു. ഇത്തവണ ലക്ഷ്യം എറണാകുളം ജനറൽ ആശുപത്രിയാണെന്നതാണ് പ്രത്യേകത.
ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് ദാതാവിൽനിന്ന് ഹൃദയം ശസ്ത്രക്രിയ നടത്തി ശേഖരിച്ചത്. ഉച്ചയ്ക്ക് മൂന്നോടെ കൊച്ചിയിൽ പറന്നിറങ്ങിയ സംഘം ആംബുലൻസിലാണ് ഹൃദയം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ, ഡോ. രാഹുൽ, ഡോ. പോൾ, ഡോ. വിജോ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
