ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോടതിയിൽ നിലപാട് മാറ്റി. സ്വർണ്ണപ്പാളികൾ കടകംപള്ളി മറിച്ചുവിറ്റെന്നോ അതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് തുടർവാദത്തിനായി ഈ മാസം 29-ലേക്ക് മാറ്റി.

സതീശന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ:
വ്യക്തിപരമായ ആരോപണമല്ല: സ്വർണ്ണപ്പാളി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രി എന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഇത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച് പാർട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും അഭിഭാഷകൻ വാദിച്ചു.
ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെങ്കിലും അംഗങ്ങളെ നിയോഗിക്കുന്നത് സർക്കാർ ആയതിനാൽ വകുപ്പ് മന്ത്രി എന്ന നിലയിൽ കടകംപള്ളിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സതീശൻ കോടതിയിൽ വ്യക്തമാക്കി.തന്റെ ആരോപണം മൂലം കടകംപള്ളിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്നും എത്രപേർ അദ്ദേഹത്തെ സംശയിച്ചുവെന്നും അതിന് തെളിവ് ഹാജരാക്കാൻ പരാതിക്കാരന് സാധിക്കണമെന്നും സതീശന്റെ വക്കീൽ ആവശ്യപ്പെട്ടു.

സമാനമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ കേസ് നൽകാതെ സതീശനെതിരെ മാത്രം നടപടി സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഭാഗം ആരോപിച്ചു. ആരോപണം ഉന്നയിച്ച് 106 ദിവസങ്ങൾ പിന്നിട്ടിട്ടും സതീശൻ ഇതുവരെയും തെളിവുകൾ ഹാജരാക്കിയിട്ടില്ല.

