കോഴിക്കോട്: നാല് വയസിനുള്ളിൽ അഞ്ച് പുരസ്കാരങ്ങൾ- ഈ കൊച്ചുമിടുക്കൻ വാരിക്കൂട്ടുന്നത് ലോക റെക്കോര്‍ഡുകൾ വരെ. മാവൂർ സ്വദേശികളായ ദിനീഷ്, രമ്യ ദമ്പതികളുടെ മകനാണ് ഇഷാൻ ദേവ് എന്ന നാലു വയസുകാരൻ. ചെറൂപ്പ ജി എൽ പി സ്കൂളിലെ എൽകെജി വിദ്യാർഥിയായ ഈ കൊച്ചുപ്രതിഭ ഒരു മിനിറ്റിനുള്ളിൽ മനുഷ്യ ശരീരത്തിനകത്തും പുറത്തുമുള്ള എഴുപത് അവയവങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നതിലൂടെയാണ് ലോകനേട്ടങ്ങൾക്ക് അർഹനായത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇൻ്റർനാഷണൽ കിഡ് ഐക്കൺ അവാർഡ്,
രബീന്ദ്ര രത്നപുരസ്കാർ, ടിക്ക് മാഗസിൻ ടാലൻ്റ് ഐക്കണിക്ക് കോണ്ടസ്റ്റ് കിഡ്സ് ടാലൻ്റ് വിന്നർ
എന്നിങ്ങനെ ആരെയും കൊതിപ്പിക്കുന്ന പുരസ്കാരങ്ങളാണ് ഇഷാൻ ഈ ചെറിയ പ്രായത്തിനുള്ളിൽ വാരിക്കൂട്ടിയിരിക്കുന്നത്. നാൽപ്പത്തിആറ് സെക്കൻഡിനുള്ളിൽ ശരീരത്തിനകത്തും പുറത്തമുള്ള എഴുപത് അവയവങ്ങള്‍ തിരിച്ചറിഞ്ഞ് പറഞ്ഞതിലൂടെയാണ് ഇൻ്റർനാഷണൽ വേൾഡ് റെക്കോർഡ്സ് നൽകുന്ന ഇൻ്റർനാഷണൽ കിഡ് ഐക്കൺ അവാർഡ് ലഭിച്ചത്.
ഓർമശക്തിയിലുള്ള തങ്ങളുടെ മകൻ്റെ അസാധാരണ കഴിവ് തിരിച്ചറിഞ്ഞത് അച്ഛൻ ദിനീഷും അമ്മ രമ്യയുമാണ്. ഏറെ വികൃതിയായ ഇഷാൻ ദേവിനെ പരിശീലിപ്പിക്കുന്നത് അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എന്നാൽ അതൊക്കെ വെറും കളിയായിരുന്നു എന്നാണ് റെക്കോർഡുകളിലൂടെ ഇഷാൻ ദേവ് തെളിയിക്കുന്നത്. സംസാരിച്ചു തുടങ്ങുന്ന പ്രായത്തിൽ തന്നെ ഇഷാൻ്റെ ഓർമശക്തി മാതാപിതാക്കളെ അമ്പരപ്പിച്ചിരുന്നു. വികൃതിയായ ഈ കുഞ്ഞു താരത്തെ പരിശീലിപ്പിക്കുക എന്നത് അല്പം പ്രയാസകരമായിരുന്നെങ്കിലും, അവനിലെ കഴിവിനെ മാതാപിതാക്കൾ പൂർണമായി പിന്തുണച്ചു.

ഏകദേശം രണ്ടര വയസ് പ്രായത്തിൽ തന്നെ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കുമായിരുന്നു. ആദ്യമൊക്കെ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ പേരുകളായിരുന്നു പറഞ്ഞിരുന്നത്. മൂന്ന് വയസിനുള്ളിൽ ഏകദേശം ഇരുന്നൂറോളം വസ്തുക്കൾ തിരിച്ചറിഞ്ഞ് പറഞ്ഞു തുടങ്ങി. ഈ കഴിവ് ഉപയോഗിച്ച് ഏതെങ്കിലും പ്രത്യേക കാറ്റഗറിയിൽ ശ്രദ്ധ ഉറപ്പിക്കാമെന്ന അമ്മ രമ്യയുടെ ചിന്തയിൽ നിന്നാണ് റെക്കോർഡ് നേട്ടത്തിന് തുടക്കമായത്.

മനുഷ്യ ശരീര അവയവങ്ങളാണ് തിരഞ്ഞെടുത്തത്. അതിൽ പഠിപ്പിച്ചുകൊടുക്കുകയും പേരുകൾ പറയാൻ പരിശീലിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടി ഇവ ഓരോന്നിനെയും തിരിച്ചറിഞ്ഞ് ഓർത്തെടുത്ത് അവയുടെ പേരുകൾ പറഞ്ഞ് തുടങ്ങി. കുട്ടിയെ പഠിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടില്ലായിരുന്നെന്നും എന്നാൽ വീഡിയോ ചിത്രീകരിക്കാനായിരുന്നു പ്രയാസമെന്നും അമ്മ രമ്യ പറഞ്ഞു.
കുറച്ച് വികൃതി ഉണ്ടായിരുന്നതിനാൽ പിടിച്ചിരുത്താൻ പ്രയാസമായിരുന്നെങ്കിലും പഠിച്ച കാര്യങ്ങൾ നന്നായി പറയുമായിരുന്നു. അങ്ങനെയാണ് വീഡിയോ ചിത്രീകരിക്കുന്നതും റെക്കോർഡിനായി അയച്ച് കൊടുക്കുന്നതും. പിന്നീട് നിരവധി റെക്കോർഡുകൾ കിട്ടുകയും തുടർച്ചയായി നേട്ടങ്ങൾ ലഭിക്കുകയും ചെയ്തു.
