ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10 മണിയോടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഇഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച റാന്നി കോടതിയിൽ മുരാരി ബാബുവിനെ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ശബരിമല സ്വർണ്ണ തട്ടിപ്പിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു പ്രധാന അറസ്റ്റാണിത്.
നേരത്തെ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാല ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ചെമ്പാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു തെറ്റായി രേഖപ്പെടുത്തിയിരുന്നു. അന്വേഷണവിധേയമായി നേരത്തെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.

