തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്തു. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില് നടത്തിയ പരിശോധനയിലാണ് പാസ്പോര്ട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആദായനികുതി സംബന്ധിച്ച രേഖകളും എസ്ഐടി ശേഖരിച്ചതായാണ് വിവരം.

കേസിലെ മറ്റു പ്രതികളുടെ വിദേശ യാത്രകളും അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് വിവരം. സ്വർണക്കൊള്ളയ്ക്കു ശേഷം ഉണ്ണികൃഷ്ണന് പോറ്റി വിദേശ യാത്ര നടത്തിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

