ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഫെയ്സ് ആപ് അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റല്‍ ദര്‍ശന സംവിധാനം നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ഫെയ്സ് ആപ് എന്ന സംവിധാനത്തിലൂടെ ഭക്തരുടെ മുഖം സ്കാന്‍ ചെയ്ത് ടോക്കണ്‍ നല്‍കികൊണ്ടായിരിക്കും ഇനി ദര്‍ശന ക്രമീകരണം. ദര്‍ശനത്തിനായി നീണ്ട വരിയില്‍ നിന്ന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീന സംവിധാനം അവതരിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ഗുരുവായൂര്‍ നഗരസഭ, ദേവസ്വത്തിലെ വിവിധ വകുപ്പുകള്‍ എന്നിവരുടെ പ്രത്യേക യോഗം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നു. പുതിയ സംവിധാനത്തിന്റെ സാങ്കേതികവും പ്രായോഗികവുമായ വശങ്ങള് യോഗത്തില്‍ വിശദമായി വിലയിരുത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചു.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ക്ഷേത്ര നടയുടെ വിവിധ ഭാഗങ്ങളിലായി 12 കൗണ്ടറുകള്‍ സ്ഥാപിക്കും. ഭക്തര്‍ക്ക് തിരക്ക് കൂട്ടാതെ ഇവിടങ്ങളില്‍ നിന്ന് ടോക്കണ്‍ ലഭ്യമാകും. സ്കാനറില്‍ മുഖം കാണിച്ചാല്‍ ഓരോ ഭക്തനെയും വ്യക്തമായി തിരിച്ചറിയുന്ന വിധത്തില്‍ ഫോട്ടോ പതിഞ്ഞ ടോക്കണ്‍ (കാര്‍ഡ്) ലഭിക്കും. ടോക്കണില്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.

നിലവിലുള്ള വരിപ്പന്തല് വിവിധ കംപാര്‍ട്ട്മെന്റുകളായി തിരിക്കും. ആദ്യ കംപാര്‍ട്ട്മെന്റ് 1 മുതല്‍ 200 വരെയും, രണ്ടാമത്തേത് 200 മുതല്‍ 400 വരെയും എന്ന രീതിയില്‍ ക്രമീകരണം ഉണ്ടാകും. ഓരോ കംപാര്‍ട്ട്മെന്റിലും അനുയോജ്യമായ ടോക്കണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. നമ്പറുകളുടെ ഊഴം അനുസരിച്ച് ഭക്തരെ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചാല്‍ മതിയാകും. ഗുരുവായൂര്‍ ദേവസ്വം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ക്യൂ കോംപ്ലക്സ് സംവിധാനം നിലവില്‍ വരുന്നതുവരെ ഈ ഫെയ്സ് ആപ് സംവിധാനം പ്രാബല്യത്തില്‍ ഉണ്ടാകും. ഉത്സവം കഴിയുന്നതോടെ ഇത് നടപ്പാക്കാനാണ് തീരുമാനം. ഫെയ്സ് ആപ് സംവിധാനം നടപ്പിലാക്കാന്‍ താത്പര്യമുള്ള കമ്പനികളെ ക്ഷണിച്ച് പരസ്യം നല്കാന് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ദേവസ്വം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ക്യൂ കോംപ്ലക്സ് ആധുനിക സൗകര്യങ്ങളോടും നൂതന ആശയങ്ങളോടും കൂടിയതായിരിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തെക്കേ നടയില്‍ നിന്ന് ആരംഭിക്കുന്ന ക്യൂ കോംപ്ലക്സിന്റെ ഉള്‍ഭാഗം ഭക്തരെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും മഹത്വവും പ്രതിഫലിപ്പിക്കുന്ന ക്ഷേത്ര ചിത്രങ്ങള്‍, കൃഷ്ണകഥകള്‍, ഐതിഹ്യങ്ങള്‍, കൃഷ്ണനാട്ടം കഥകള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയുടെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ ഇവിടെ സജ്ജീകരിക്കും. കൂടാതെ ഭക്തര്‍ക്കായി ചായ, കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
