തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും നാഡീരോഗ ബാധിതർക്കും പ്രതീക്ഷയുടെ പുതിയ വാതിൽ തുറന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക് സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സ്. സ്ട്രോക്ക്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ മൂലം കൈകളുടെയും തോളുകളുടെയും ചലനശേഷി നഷ്ടപ്പെട്ടവരെ സഹായിക്കാൻ അത്യാധുനികമായ ‘ജി-ആം’ (G-ARM) റോബോട്ടിക് സംവിധാനമാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അരയ്ക്ക് മുകളിൽ ഇരു കൈകൾക്കും ഒരേസമയം ചലനശേഷി നൽകാൻ സഹായിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ റോബോട്ടിക് ചികിത്സാ സംവിധാനമാണിതെന്ന് ജെൻ റോബോട്ടിക്സ് അവകാശപ്പെടുന്നു. വെറും വ്യായാമങ്ങൾക്കപ്പുറം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കരുത്തിൽ ഗെയിമുകൾ കളിക്കുന്നത് പോലെ ആസ്വദിച്ച് ചികിത്സ നടത്താം എന്നതാണ് ഇതിൻ്റെ പ്രത്യേകത. 2026 ഏപ്രിലിൽ പുറത്തിറങ്ങുന്ന ഈ ഉപകരണം ഫിസിയോതെറാപ്പി രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്.
രോഗികളുടെ ചലനശേഷി, ഏകോപനം, സ്വയം പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംവിധാനമാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. കൈ, കൈപ്പത്തി എന്നിവയുടെ ചലനനിയന്ത്രണത്തിലെ ലഘു തകരാറുകൾ പരിഹരിച്ച് ചലനവും ഏകോപനവും വീണ്ടെടുക്കാൻ ഈ സംവിധാനം രോഗികളെ സഹായിക്കുന്നു. ആശുപത്രികളിലും ഫിസിയോതെറാപ്പി സെൻ്ററുകളിലും ഉപയോഗിക്കാനാണ് ജി ആം (G-ARM) രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ട്രോക്ക്, തലേച്ചോറിന് സംഭവിക്കുന്ന ഗുരുതര പരിക്ക് എന്നിവമൂലം ചലനശേഷി നഷ്ടപ്പെട്ടവർ, നാഡീരോഗങ്ങൾ, രക്തക്കുഴലിനുണ്ടാകുന്ന രോഗങ്ങൾ എന്നിവ മൂലമോ ജനനത്തിൽ തന്നെ തലച്ചോറിനുള്ള പരിക്ക് കൊണ്ടോ ചലനശേഷി നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാനുള്ള ചികിത്സയെയാണ് ഈ ഉപകരണം സഹായിക്കുക. ഏകദേശം 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഈ ഉപകരണത്തില്‍ രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന ഒരു റോബോട്ടിക് കൈയും ഉറപ്പുള്ളതും എളുപ്പത്തിൽ നീക്കാവുന്നതുമായ അടിത്തറയിൽ ഘടിപ്പിച്ച സഹായ ഉപകരണമായ ഓർത്തോസിസും(ORTHOSIS) ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജെൻ റോബോട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് പറഞ്ഞു.

ക്രമബദ്ധമായും ആവർത്തിച്ചുമുള്ള വ്യായാമങ്ങളിലൂടെ രോഗികൾക്ക് കൈകാലുകളുടെ ചലനം മെച്ചപ്പെടുത്താനും സ്വയം പ്രവർത്തിക്കാനുള്ള കഴിവ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. തോൾ, കൈമുട്ട്, കൈത്തണ്ട, കൈക്കുഴ, വിരലുകൾ എന്നീ ഭാഗങ്ങളെ എകോപിപ്പിച്ചുള്ള ചലനം ഈ ഉപകരണം വഴി സാധ്യമാകുന്നു. ചലന ശേഷി നഷ്ടപ്പെട്ട രോഗിയുടെ കൈ സാധാരണ നിലയിൽ ചലിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
