തിരുവനന്തപുരം: നടന് സിദ്ദിഖിന് വീണ്ടും യുഎഇ സന്ദർശിക്കാൻ അനുമതി നൽകി കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസാണ് വിദേശ യാത്രാനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്നാണ് സിദ്ദിഖിന് യാത്രാനുമതി നിഷേധിച്ചിരുന്നത്. കൂടാതെ യാത്രയ്ക്കായി പ്രതിയുടെ പാസ്പോർട്ടും കോടതി തിരികെ നൽകി. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണ് കോടതി നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഷോയ്ക്ക് ശേഷം മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു.

സുപ്രീംകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ ഉപാധി വഴിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവ് നൽകിയത്. മാർച്ച് 31 വരെയാണ് കാലാവധിയെന്നും കോടതി പറഞ്ഞു. ബലാത്സംഗക്കേസിൽ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കാനും രാജ്യം വിടുന്നത് നിയന്ത്രിക്കാനും നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നതാണ്.
നടനെതിരായ കേസിനാസ്പദമായി നേരത്ത പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു യുവനടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സിദ്ദിഖിനെതിരായ സാക്ഷിമൊഴികള്‍ അടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ബലാത്സംഗം ചെയ്തുവെന്നാണ് നടനെതിരെയുള്ള പരാതി. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നടി പൊലീസിന് നൽകിയ പരാതി. നിള തിയേറ്ററില്‍ സിദ്ദിഖ് അഭിനയിച്ച സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോഴാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും തുടര്‍ന്ന് സിനിമാ ചര്‍ച്ചകള്‍ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നുമാണ് നടി പൊലീസില്‍ മൊഴി നല്‍കിയിരുന്നത്.

പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടി പരാതിയില്‍ പറയുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും അന്നേ ദിവസം പരാതിക്കാരി ഹോട്ടലില്‍ എത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. സിദ്ദിഖ് നടിക്ക് അയച്ച സന്ദേശം അടക്കമുള്ള തെളിവുകള്‍ എല്ലാം തന്നെ കണ്ടെത്താനായിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
