ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫിനൊപ്പമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചില്ലെന്നും ആചാര സംരക്ഷണം സർക്കാർ നടത്തിയിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എൻഎസ്എസ് പിന്തുണ നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ എൽഡിഎഫിനൊപ്പം ആണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. എൽഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി.
എന്നാൽ കോൺഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സർക്കാരും കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും സുകുമാരന് നായര് കൂട്ടിച്ചേർത്തു. അയ്യപ്പസംഗമം പശ്ചാത്താപം തീർത്തതല്ല. തെറ്റ് തിരുത്തുമ്പോൾ അങ്ങനെ കാണരുതെന്നും സുകുമാരൻ നായർ പറഞ്ഞു.ബിജെപിയും കോൺഗ്രസും സംഗമം ബഹിഷ്കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർക്ക് രാഷ്ട്രീയമാണ്. കോൺഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ടെന്നും ന്യൂനപക്ഷ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

