തിരുവനന്തപുരം:പട്ടിക വിഭാഗത്തില്‍പ്പെട്ട പതിനേഴ് വിദ്യാര്‍ത്ഥികളെ പൈലറ്റുമാരാക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി വിദ്യാര്‍ഥികള്‍ക്ക് ഏവിയേഷന്‍ കോഴ്സ് പഠിയ്ക്കുന്നതിന് സഹായം നല്‍കിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രി ഒ ആര് കേളു നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട 17 വിദ്യാര്‍ഥികള്‍ക്ക് ഇക്കാലയളവില്‍ പൈലറ്റ് ആകുന്നതിനുള്ള ഏവിയേഷന്‍ കോഴ്സ് പഠിക്കുന്നതിന് ധനസഹായം നല്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മൂന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും രണ്ട് പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ പത്തു വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് ആകുന്നതിനുള്ള ഏവിയേഷന്‍ കോഴ്സ് പഠിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്കി.
ഇതിനായി 1,85,94,000 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചു വിദ്യാര്‍ഥികള്‍ക്കും രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏഴു വിദ്യാര്‍ഥികളെ പൈലറ്റ് ആകുന്നതിനുള്ള ഏവിയേഷന്‍ കോഴ്സ് പഠിപ്പിച്ചു. ചെലവ് 74,62,320 രൂപ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൈലറ്റുമാരായത് ഏഴ് വിദ്യാര്‍ഥികളാണ്. ചെലവഴിച്ചത് 86,49,620 രൂപ.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 1139 വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി സര്‍ക്കാര്‍ കടല്‍ കടത്തി. 1059 പട്ടികജാതി വിദ്യാര്‍ഥികളെയും 80 പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും വിദേശ പഠനത്തിനയച്ചു. വിദേശ സ്കോളര്‍ഷിപ്പിനായി ചെലവഴിച്ചത് 227,83,49,907 രൂപയാണ്. 2024 ജനുവരി മുതല്‍ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് ( ODEPC) എന്ന സര്‍ക്കാര്‍ ഏജന്‍സി മുഖേനയാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ഒരുവര്‍ഷം കൊണ്ടുമാത്രം 87,44,93,973 രൂപ odepc മുഖേന വിദേശ പഠനത്തിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.

