തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം കൊട്ടിക്കയറുകയാണ്. നാമനിർദ്ദേശ പത്രികയിലെ സൂഷ്മ പരിശോധനയടക്കം കഴിഞ്ഞതോടെ പ്രമുഖ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത് വിമത ശല്യവും ഘടക കക്ഷികൾ ഉയർത്തുന്ന അസ്വാരസ്യവുമാണ്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ വിമതശല്യം ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇടതുമുന്നണിയിൽ സിപിഎം-സിപിഐ പോരാണെങ്കിൽ യുഡിഎഫിൽ കോൺഗ്രസ്-ലീഗ് സീറ്റ് തർക്കവും ശക്തമാണ്. കോർപ്പറേഷനിലേക്കും നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും വിമതശല്യവും പാളയത്തിൽ പടയും ശക്തമായി തുടരുകയാണ്.
അവസാന വട്ട ചർച്ചകൾക്കൊടുവിൽ മത്സരചിത്രം എന്താകുമെന്ന് ഇന്ന് വ്യക്തമാകും. നാമനിർദ്ദേശ പത്രിക പിൻവലിക്കൽ ഇന്ന് മൂന്ന് മണിവരെയാണ്. അതുകഴിഞ്ഞാൽ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള സസ്പെൻസെല്ലാം അവസാനിക്കും.

സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. വിമതരുടെയും ഘടകകക്ഷികളുടെയും സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോടെ മുന്നണികൾക്ക് ആശ്വാസമാകും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം 1,07,211 സ്ഥാനാർഥികളുടെ പത്രികകളാണ് സ്വീകരിച്ചത്. 2479 പത്രികകൾ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും.ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജില്ലകളിൽ നടത്തും.
