കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കെ രാഹുലിനെതിരായ ആരോപണങ്ങൾ വീണ്ടും വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.


കഴിഞ്ഞ മൂന്നു മാസമായി ഈ ആരോപണങ്ങൾ തന്നെയാണ് തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പുതിയതായി ഒന്നും ഇല്ലെന്നും രാഹുൽ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാ രീതിയിലും അതിനോട് സഹകരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷം തനിക്ക് പറയാനുള്ളത് പറയുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, ശബ്ദരേഖയും വാട്സാപ് ചാറ്റും തന്റേതാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു.




അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. നീതിന്യായ കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും അതിനു ശേഷം ജനങ്ങളോട് തനിക്ക് പറയാനുള്ളത് വ്യക്തമാക്കുമെന്നും,’ രാഹുൽ പറഞ്ഞു.

നേരത്തെ, ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യം ചെയ്യുക, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിലായിരുന്നു കേസെടുത്തത്.
ലൈംഗിക ആരോപണങ്ങൾ വിവാദമായതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
