ന്യൂഡല്‍ഹി: കൊച്ചി കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അന്തിമമാണെന്ന് കോൺഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തീരുമാനത്തില്‍ അപാകതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണ്. പാര്‍ട്ടി തീരുമാനത്തെ ദീപ്തി അംഗീകരിക്കണം. ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണ്. 1987 കാലഘട്ടത്തില്‍ താന്‍ കെഎസ് യു പ്രസിഡന്റായിരുന്നപ്പോള്‍ എറണാകുളം മഹാരാജാസ് കോളജിലെ കെഎസ് യുവിന്റെ ശക്തയായ പ്രവര്‍ത്തകയായിരുന്നു ദീപ്തിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

അന്ന് കെ എസ് യു വിന് കടന്നുചെല്ലാന്‍ പോലും പറ്റാത്ത ഇടമായിരുന്നു മഹാരാജാസ് കോളജ്. അന്നു മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചു നിന്ന സഹോദരി എന്ന നിലയില്‍ ദീപ്തി മേയര്‍ പദവി ആഗ്രഹിച്ചു എങ്കില്‍ തെറ്റു പറയാനാകില്ല. വിഷമം ഉണ്ടായതും തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ പാര്‍ട്ടി ഒരു തീരുമാനമെടുത്താന്‍ അംഗീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.
കോണ്‍ഗ്രസിന് ഇത്തരം പദവികളിലേക്ക് തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന്റേതായ രീതികളുണ്ട്.

എല്ലാ സമൂഹങ്ങളെയും, എല്ലാ സമുദായങ്ങളേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒന്നിനോടും കടക്കു പുറത്ത് എന്നു പറയാറില്ല. എല്ലാവരുടേയും വികാരങ്ങളേയും വിചാരങ്ങളേയും പാര്‍ട്ടി ഉള്‍ക്കൊള്ളും. അന്നത്തെ കാലഘട്ടത്തില്‍ പാര്‍ട്ടിക്ക് അനുയോജ്യം എന്ന തരത്തില്‍, പാര്‍ട്ടി തലങ്ങളില്‍ കൂടിയാലോചിച്ച് എടുക്കുന്നതാണ് പാര്‍ട്ടിയുടെ തീരുമാനങ്ങളെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന്, കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ശേഷം കെപിസിസി നേതാക്കളുമായി ആലോചിച്ചാണ് മേയര്‍ പദവിയില്‍ തീരുമാനമെടുത്തതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമനിക് പ്രസന്റേഷന് പറഞ്ഞു. ഗ്രൂപ്പ് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന അജയ് തറയിലിന്റെ അഭിപ്രായം ശരിയല്ല. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. എല്ലാവരും സ്വാതന്ത്ര്യം ഉള്ളവരാണ്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം വളരെ യോഗ്യതയുള്ളവരാണ്. അഭിപ്രായങ്ങള്‍ ഉള്ളവരുമാണ്. കെപിസിസിയുടെ പരിഗണനകള്‍ അടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തത്.
