കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു.

അതേ ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും കിട്ടണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികൾ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റ് പ്രതികൾ.
ഹർജികളിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. ഒരു മാസത്തിനകം വിശദീകരണം നൽകണം. കേസിലെ രണ്ടാം പ്രതിയാണ് മാർട്ടിൻ. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആദ്യ ആറ് പ്രതികൾക്ക് വിചാരണ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

അതേസമയം, കേസിലെ അതിജീവിതയ്ക്കെതിരെ മാർട്ടിൻ അപകീർത്തികരമായ വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ ആണ് അറസ്റ്റിലായത്. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സൈറ്റുകളിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നിർദേശിച്ചു.

