തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തരുതെന്ന് സിപിഎം നേതാക്കള്‍ക്ക് എം വി ഗോവിന്ദന്റെ മുന്നറിയിപ്പ്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്, മുതിര്‍ന്ന നേതാവ് എ കെ ബാലന് എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഉണ്ടാവാന്‍ പാടില്ല. മാധ്യമങ്ങളോട് ജാഗ്രതയോടെ സംസാരിക്കണം. മറിച്ചുള്ള പ്രതികരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
യോഗത്തില്‍ സജി ചെറിയാനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നതെന്നാണ് വിവരം. പ്രതികരണം അനവസരത്തിലായിരുന്നു എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായി. എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ക്ക് മുന്നോടിയായ പ്രവര്‍ത്തനങ്ങളും, സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടികളുടെ പുരോഗതിയും പാര്‍ട്ടി വിലയിരുത്തി.

