തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ ഇടതുപാളയത്തിലെത്തിക്കാന്‍ നീക്കം. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായ ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം.

ഇടതുപക്ഷവുമായി അടുപ്പമുള്ള വ്യവസായി മുഖേനയാണ് ചര്‍ച്ചാ നീക്കങ്ങളെന്നാണ് വിവരം. ഇന്നാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഡല്‍ഹിയിലെ യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് കെഎല്‍എഫില്‍ പങ്കെടുക്കേണ്ടതിനാലാണെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.നേരത്തെ അവിടെ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചെന്ന് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹങ്ങള്‍ വരുന്നത്.
