പത്തനംതിട്ട: പതിനെട്ടാംപടി കയറിയാൽ അവിടെ ക്ഷേത്രംമാത്രം എന്ന ആശയത്തിന് അടിവരയിട്ട് ശബരിമല മാസ്റ്റർപ്ലാൻ രൂപരേഖ. പടി കയറിച്ചെല്ലുന്നിടത്ത്, ഇപ്പോൾ ഭക്തരെ കയറ്റിവിടുന്ന ഫ്ളൈഓവർ പൂർണമായും പൊളിച്ചുനീക്കണം.ആറുമാസം മുമ്പ് ദേവസ്വം ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബലിക്കൽപ്പുര വഴി ഭക്തരെ വിട്ടുള്ള ദർശന രീതിയാകും കുറച്ചുകൂടി ശാസ്ത്രീയമായി നടപ്പാകുക. ക്ഷേത്രത്തിൽനിന്ന് 21 ദണ്ഡ് (56.7മീറ്റർ) പരിധിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരും. ക്ഷേത്രത്തിന്റെ താഴികക്കുടത്തിന് മുകളിൽ ഈ പരിധിയിൽ കെട്ടിടങ്ങൾ പാടില്ലെന്നാണ് നിർദേശം. പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ സന്നിധാനത്തിന്റെ വിശദമായ രൂപരേഖ അവതരിപ്പിച്ചിരുന്നു.

നിലവിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ ശബരിമല ക്ഷേത്രം കണ്ടുപിടിക്കുക പ്രയാസമാണെന്ന തിരിച്ചറിവിലാണ് തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ വിദഗ്ധസംഘം, മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ രൂപരേഖ (ലേഔട്ട്) തയ്യാറാക്കിയത്.
കാനനക്ഷേത്രമെന്ന പദവി പരമാവധി നിലനിർത്തിയുള്ളതാണ് രൂപരേഖ. 778.17 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. മൂന്നുഘട്ടങ്ങളായി നടപ്പാക്കാനാണ് ശബരിമല ഉന്നതാധികാര സമിതി നിർദേശിച്ചിരിക്കുന്നത്.
21 ദണ്ഡ് പരിധിയിൽ ഇപ്പോൾ തന്ത്രി, മേൽശാന്തി എന്നിവർ താമസിക്കുന്ന മുറികളും എക്സിക്യുട്ടീവ് ഓഫീസ്, ദേവസ്വം ഗാർഡുമാരുടെ മുറി എന്നിവയുണ്ട്. ഇതെല്ലാം പൊളിക്കേണ്ടിവരും. തന്ത്രി, മേൽശാന്തി എന്നിവർക്ക് ഈ പരിധിയിൽ തന്നെ വിശ്രമമുറി ഒരുക്കാമെന്ന് നിർദേശിക്കുന്നുണ്ട്. എന്നാൽ ഇവിടെ ശൗചാലയം പാടില്ല.

സന്നിധാനത്തെ നടപ്പന്തൽ പൂർണമായും പുനർരൂപകൽപനചെയ്യും. നടപ്പന്തലിനോട് ചേർന്നുള്ള പ്രണവം (പിൽഗ്രിം സെന്റർ-1) എന്ന കെട്ടിടം പൂർണമായും പൊളിക്കേണ്ടിവരും.
നിലയ്ക്കൽ പ്രധാന ഇടത്താവളമായി മാറുന്നതോടെ സന്നിധാനത്തെ താമസസൗകര്യങ്ങൾ നിലവിലുള്ള 65 ശതമാനത്തിൽനിന്ന് 19 ശതമാനമായി കുറയ്ക്കണം. ഇപ്പോൾ പോലീസ്, വിവിധ വകുപ്പ് ജീവനക്കാർ, ദേവസ്വം ജീവനക്കാർ അടക്കം എണ്ണായിരത്തോളം പേർ സന്നിധാനത്ത് താമസിക്കുന്നുണ്ട്.ഇത് ആറായിരത്തിലേക്ക് കുറയ്ക്കും. തീർഥാടകർക്കുള്ള താമസസൗകര്യം നാലായിരമായി നിജപ്പെടുത്തണം. ഒരേസമയം, 10,000 പേരെമാത്രമേ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാവൂ എന്നും രൂപരേഖയിലുണ്ട്.

