കൊച്ചി : കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് മലയാളികൾ പണം തട്ടിയതായി പരാതി. കുവൈറ്റിലെ ‘അൽ അഹ്ലി ബാങ്ക് സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലാണ് ബാങ്ക് പരാതി നൽകിയത്. മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിൻ്റെ ആരോപണം. എന്നാൽ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റിൽ നിന്ന് മടങ്ങാൻ കാരണമെന്ന് ലോണെടുത്തവർ പറഞ്ഞു.

ബാങ്കിന്റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേർക്കെതിരെ കേസെടുത്തത്. 2020–23 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും പൊലീസ് കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി.
കോട്ടയം ജില്ലയിൽ എട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തതായിയാണ് വിവരം. ഒരു യുവതിയടക്കം എട്ടു പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 60 ലക്ഷം മുതൽ 1. 1 കോടി രൂപവരെ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.

വിവിധ ആവശ്യങ്ങൾ പറഞ്ഞ് ലോണെടുത്ത ശേഷം പിന്നീട് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പരാതിയുമായി ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ചത്.
അല്‍ അഹ് ലി ബാങ്ക് ചീഫ് കൺസ്യൂമർ ഓഫീസർ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. എട്ട് പേർ 6,51,10,108 രൂപ തട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്.

