തിരുവനന്തപുരം: അങ്കണവാടികളിലെ ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യണമെന്ന് വ്യക്തമാക്കി വനിതാ-ശിശു വികസന ഡയറക്ടര്‍ നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അങ്കണവാടികള്‍ പാലിക്കുന്നതായി ഡയറക്ടര്‍ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. തിരുവനന്തപുരം അര്‍ബനിലെ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും നല്കിയ പരാതിയിലാണ് നടപടി.

തിരുവനന്തപുരം അര്‍ബല്‍ 3 ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കൃത്യമായ അളവില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി. വിഷയത്തില്‍ വനിതാ-ശിശു വികസന ഡയറക്ടറില്‍ നിന്നും കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
ആഴ്ചയില്‍ 2 ദിവസം മുട്ടയും രണ്ടു ദിവസം പാലും നല്കുന്ന പദ്ധതി 2022-23 ലാണ് ആരംഭിച്ചതെന്ന് ഡയറക്ടര്‍ അറിയിച്ചു. 2022 മേയ് 20 ന് വനിതാ-ശിശു വികസന ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒരു കുട്ടിയ്ക്ക് 125 മില്ലിലിറ്റര്‍ പാല് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കുലറിലെ നിര്‍ദ്ദേശാനുസരണമല്ല പരാതിയുയര്‍ന്ന അങ്കണവാടിയില്‍ പാല്‍വിതരണം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില അങ്കണവാടികളില്‍ 4-ല്‍ കൂടുതല്‍ കുട്ടികള്‍ ഹാജരായ ദിവസങ്ങളിലും 500 മി.ലി. പാല് മാത്രമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നും ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കുലര്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

