കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് ഡോ. ടി എം തോമസ് ഐസക്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ ചോർന്ന് തകർന്ന് വീഴാൻ നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ പറഞ്ഞിരുന്നു. പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.

ചോർന്നൊലിക്കുന്ന ആ സ്കൂൾ കെട്ടിടം തരൂർ ഒന്ന് കാണിച്ച് തരണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. തരൂർ ചിലപ്പോൾ ഉമ്മൻചാണ്ടിയുടെ ഭരണകാലം ഓർത്തതാകാം എന്നും തോമസ് ഐസക് പരിഹസിച്ചു. പിഎം ശ്രീയിലെ തുക വാങ്ങിയില്ലെങ്കിൽ കേരളത്തിനുളള പണം തടയുമെന്നുളള കേന്ദ്ര സർക്കാരിന്റെ ഭീഷണിയെക്കുറിച്ച് തരൂർ എന്താണ് പ്രതികരിക്കാത്തത് എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.
കഴിഞ്ഞ 9 വർഷം കൊണ്ട് 9,225 കോടി രൂപ സ്കൂൾ കെട്ടിടങ്ങൾ പുനർ നിർമ്മിക്കുവാനായി ചിലവഴിച്ച കേരള സർക്കാരിന് ശശി തരൂർ കണ്ടെത്തിയ സ്കൂൾ കെട്ടിടം പുനർനിർമ്മിക്കുവാൻ കേന്ദ്ര സഹായമൊന്നും വേണ്ട. ഈ കാലയളവിൽ 17,350 പുതിയ അധ്യാപക തസ്തികകളും സൃഷ്ട്ടിച്ചു. SEQI റാങ്കിങ്ങിൽ കേരളമാണ് ഒന്നാമത്.
പിന്നെ പിഎം ശ്രീയിൽ നിന്ന് എത്ര കോടിയാണ് കെട്ടിടം പണിയാൻ കിട്ടുക? ഒരു ബ്ലോക്കിൽ 1 – 2 സ്കൂൾ വീതം. ഒരു സ്കൂളിന് ഒരു വർഷം 85 ലക്ഷം മുതൽ – ഒരു കോടി രൂപവരെ.

ഏത് ബ്ലോക്കിലായാലും നല്ല വിദ്യാലയം എടുത്താൽ അവിടെ ഇനി കെട്ടിടം പണിയാൻ സ്ഥലമില്ല എന്നതാണ് കേരളത്തിലെ അവസ്ഥ. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പോരായ്മ നല്ല കെട്ടിടങ്ങൾ ഇല്ലാത്തതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ സവിശേഷ പ്രാധാന്യം സ്കൂൾ വിദ്യാഭ്യാസത്തിനു നൽകി വന്ന കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്രയോ വിഭിന്നമാണ്.

ശശി തരൂർ വിമർശിക്കേണ്ടത് ഇത്തരത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഒരുപോലെ ആണെന്ന അനുമാനത്തിന്റെ പുറത്ത് കേന്ദ്രസർക്കാർ ഏകമാന സ്വഭാവമുള്ള സ്കീമുകൾ ഉണ്ടാക്കി സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെയാണ്. ഒരേ വലിപ്പമുള്ള തൊപ്പി എല്ലാവർക്കും ചേരില്ല എന്ന പഴഞ്ചൊല്ല് ഇല്ലേ? അതൊന്ന് കേന്ദ്രസർക്കാരിനെ പഠിപ്പിച്ചു കൊടുക്കണം. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
