പുതിയ വാട്സ്ആപ്പ്, ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ കുരുക്കിലായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ രംഗത്ത്. പാർട്ടി മുമ്പ് നടപടി എടുത്തിട്ടുണ്ട്, ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ലെന്നാണ് ഷാഫിയുടെ വാദം. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല എന്നു പറഞ്ഞ് ഷാഫി പറമ്പിൽ തടിതപ്പുകയും ചെയ്തു.

അതേസമയം, പൊലീസ് കേസെടുത്താൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കെ മുരളീധരന്റെ വിചിത്ര പ്രതികരണം. രാഹുലിനെ പാർട്ടിയിൽ നിന്ന് ഇപ്പോൾ സസ്പന്റ് ചെയ്തിട്ടുണ്ട്. യുഡിഎഫിന്റെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ പങ്കെടുക്കുന്നില്ല. ഇനി പങ്കെടുത്താൽ നടപടി കടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇരയുടെ ഞെട്ടിപ്പിക്കുന്ന ഫോൺ സംഭാഷണത്തിൽ കെ മുരളീധരന് വ്യക്തമായ മറുപടിയില്ല.
അതേസമയം വിഷയത്തിൽ സോഷ്യൽ മീഡിയയിലും പുറത്തും വലിയ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. ഇരയായ പെണ്‍കൂട്ടി പോലീസിനെ സമീപിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലെ സംരക്ഷിച്ച നേതാക്കളെല്ലാം വെട്ടിലാകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം.

