തൃശൂര്‍: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂരിലും മേയര്‍ സ്ഥാനം വീതം വച്ച് പ്രശ്നം പരിഹരിക്കാന്‍ നീക്കം. കൊച്ചിയില്‍ രണ്ടെങ്കില്‍ തൃശൂരില്‍ മൂന്ന് ടേം ആയി മൂന്ന് പേര്‍ക്ക് സ്ഥാനം നല്‍കാനാണ് ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന് ആദ്യ ടേമില്‍ മേയറായേക്കും. സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം. അവസാന ടേമില്‍ ലാലി ജയിംസും മേയര്‍ പദവി വഹിക്കും.

മൂന്ന് ടേം എന്നതില്‍ ധാരണയായെങ്കിലും ഓരോരുത്തര്‍ക്കും എത്ര വര്‍ഷം എന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
അന്തിമ ധാരണകള്‍ ഉണ്ടാക്കുന്നതിനായി ക്രിസ്മസ് ദിനത്തിലും തൃശൂരില്‍ ചര്‍ച്ചകള്‍ തുടരും. മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചര്‍ച്ചകള്‍ അന്തിമമായി നീണ്ടത്. ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.

