കോട്ടയം: പാലാ നഗരസഭ ആരു ഭരിക്കുമെന്നതിൽ സസ്പെൻസ് തുടരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.

നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിട്ടുള്ളത്. നിര്‍ണായകമായ നിലപാട് പ്രഖ്യാപിക്കുന്നതിനായി ബിനു പുളിക്കക്കണ്ടം വൈകീട്ട് ഏഴരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. പുളിക്കക്കണ്ടം കുടുംബം വിളിച്ച ജനസഭയില്‍ യുഡിഎഫിന്റെ ഭാഗമാകണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.

