കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താന്‍ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കെ സുധാകരന് എംപി പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്.

നേതൃമാറ്റം സംബന്ധിച്ച് താന്‍ ആരോടും സംസാരിച്ചിട്ടില്ല. ഈക്കാര്യത്തില്‍ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താന്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും സുധാകരന് പ്രതികരിച്ചു. നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും ഇറക്കിവിട്ടാല്‍ സുധാകരന് എം പി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
കണ്ണൂര്‍ കരുവഞ്ചാലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര സമര പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുമായി സുധാകരന് കൂടിക്കാഴ്ച്ച നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സുധാകരന് പ്രതികരണവുമായി കണ്ണൂരില്‍ രംഗത്ത് വന്നത്.
