തിരുവനന്തപുരം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. തിങ്കളാഴ്ച ചേർന്ന എൻ എസ് എസ് ഡയറക്ടർ ബോർഡാണ് എസ്എൻഡിപിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എൻ എസ് എസ് തീരുമാനിച്ചതെന്ന് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും എതിർത്തതോടെയാണ് സംയുക്ത നീക്കത്തിൽ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്.
ഐക്യം പ്രായോഗികമല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡിന്റേതാണെന്നും നിലവിലെ ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്മാറ്റമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രമാണ് ഉള്ളതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എന്നാൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം പേരും സാമുദായിക ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു.

ഇതിനൊപ്പം സുകുമാരൻ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചതോടെയാണ് തീരുമാനമായത്. സുകുമാരൻ നായരുടെ കൂടി അംഗീകാരത്തോടെയാണ് ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്റെ പിന്മാറ്റം.
