ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ചു. ഈ തെളിവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തന്ത്രിയെന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ അദ്ദേഹം പദ്ധതിയിട്ടിരുന്നതായും, ഇതിനായി ദേവപ്രശ്നത്തെ ഒരു മറയാക്കി മാറ്റിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറഞ്ഞിരുന്നത്.
തിരുവല്ലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണയ വായ്പ നൽകുന്ന ഈ സ്ഥാപനം പൂട്ടിയിട്ട് വർഷങ്ങളായെന്നും വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ നേരിടുകയാണെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകാതിരുന്നത് അന്വേഷണസംഘത്തിന്റെ സംശയം വർധിപ്പിച്ചു.

ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് തന്ത്രി മറച്ചുവെച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് രേഖകൾ ഹാജരാക്കിയതോടെ, തുക നിക്ഷേപിച്ചിരുന്നതായും ബാങ്ക് പൊളിഞ്ഞപ്പോൾ അത് നഷ്ടപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. പണം പ്രളയകാലത്ത് നഷ്ടപ്പെട്ടതാണെന്ന അദ്ദേഹത്തിന്റെ വാദം എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.

