തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. തന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണെന്നും പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദയെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വാർത്താ മാധ്യമ കോലാഹലങ്ങൾക്കപ്പുറം ആവർത്തിച്ചു പറയട്ടെ, തന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണെന്നും അരുൺ കുമാർ കുറിപ്പിൽ പറയുന്നുണ്ട്.
തിരുവനന്തപുരത്തെ ഔദ്യോഗിക തിരക്കുകളിൽ നിന്നും വാർത്താചക്രങ്ങളിൽ നിന്നും അല്പം മാറി ഇപ്പോൾ നഗരത്തിന് പുറത്ത് വ്യക്തിപരമായ ഒരാവശ്യത്തിനായുള്ള ഒരു യാത്രയിലാണ്. കഴിഞ്ഞ കുറച്ചു കാലമായി ഐഎച്ച്ആർഡി ഡയറക്ടറുടെ അധിക ചുമതലയടക്കം നിരവധി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഒരു പരാതിക്കും ഇടയില്ലാതെ ഞാൻ നിർവ്വഹിച്ചു വരികയാണ്. സ്ഥാനമാനങ്ങൾക്കോ പ്രമോഷനുകൾക്കോ അപ്പുറം ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. മുപ്പത് വർഷമായി തുടരുന്ന ഈ ഔദ്യോഗിക യാത്രയിൽ പലപ്പോഴും അർഹതപ്പെട്ട അംഗീകാരങ്ങൾ വൈകുന്നത് കണ്ടിട്ടുണ്ടെങ്കിലും, അച്ഛൻ പഠിപ്പിച്ച രാഷ്ട്രീയവും വ്യക്തിജീവിതവും എപ്പോഴും എന്നെ ഓർമ്മിപ്പിക്കുന്നത് ‘ക്ഷമ’യുടെ പാഠങ്ങളാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണ്. ബാലസംഘ കാലഘട്ടം മുതൽ ഇടതുപക്ഷത്തോടൊപ്പമാണ് ഞാൻ ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദ. വാർത്താ മാധ്യമ കോലാഹലങ്ങൾക്കപ്പുറം ആവർത്തിച്ച് പറയട്ടെ, എന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണ്. മടങ്ങിയെത്തിയ ശേഷം നമുക്ക് വീണ്ടും കാണാം.’, അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയിൽ മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നതിനിടെയാണ് വി എസിന്റെ മകൻ അരുൺ കുമാറിനെ മലമ്പുഴയിൽ സിപിഐഎം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്. അരുൺ കുമാറിനെ രംഗത്തിറക്കുന്നതിൽ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിർപ്പില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച പ്രതികരണം നേരത്തെ ആരാഞ്ഞപ്പോൾ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്ന് വി എ അരുൺ കുമാർ പറഞ്ഞിരുന്നു. തങ്ങളുടേത് പാർട്ടി കുടുംബമാണ്. തെരഞ്ഞെടുപ്പിനെ കുറിപ്പ് ഇതുവരെ ആലോചിച്ചിട്ടില്ല. മലമ്പുഴ അച്ഛന് വളരെ വൈകാരിക ബന്ധമുള്ള സ്ഥലമാണ്. പാർട്ടി പറയുന്നതാണ് എന്നും പ്രധാനമെന്നും വി എ അരുൺ കുമാർ പറഞ്ഞിരുന്നു.
2001 മുതൽ 2021 വരെ നാല് ടേം തുടർച്ചയായി വി എസ് അച്യുതാനന്ദൻ ജയിച്ച മണ്ഡലമാണ് മലമ്പുഴ. നിലവിൽ സിപിഐഎമ്മിന്റെ എ പ്രഭാകരനാണ് മണ്ഡലത്തിലെ എംഎൽഎ.
