പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദത്തിൽ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സണും പങ്കെടുത്തത്.

ഇന്നലെ നടന്ന റോഡ് ഉദ്ഘാടന പരിപാടിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ പരിപാടികളിൽ നിന്നും ബിജെപി വിട്ടുനിന്നിരുന്നു.
പൊതുപരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയുമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. രാഹുലിനൊപ്പം പങ്കെടുത്ത പ്രമീള ശശിധരനെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തി. മുതിർന്ന നേതാക്കൾ പ്രമീളയോട് പ്രാഥമിക വിവരങ്ങൾ തേടി.

അതിനിടെ പ്രമീളയെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ രംഗത്തു വന്നു. പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്ക് പോയതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ശിവരാജൻ പറഞ്ഞു. ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജൻ പറഞ്ഞു.

