പത്തനംതിട്ട: പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് ശബരിമല അവലോകന യോഗം ചേർന്നു. മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടായിരുന്നു പമ്പയിൽ യോഗം ചേർന്നത്.

തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് 5000 ആയി തുടരും. വെർച്ചൽ ക്യൂ ബുക്കിംഗിൽ നിലവിലെ സംവിധാനം തുടരും. തിരുവാഭരണ പാതയിൽ തടസ്സങ്ങൾ ഉണ്ടാകില്ല. ഇതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിന് ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വരുന്ന വണ്ടികൾക്ക് കുമളിയിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ഇതിനായി കേരള -തമിഴ്നാട് വനവകുപ്പ് സംയുക്തമായി പ്രവർത്തിക്കും.

മകരവിളക്ക് ദിവസങ്ങളിൽ പർണ്ണ ശാലയിൽ ഇത്തവണയും ദേവസ്വം വകുപ്പ് ഭക്ഷണം എത്തിച്ചു നൽകും. ദേവസ്വം ബോർഡ് ഭക്ഷണം എത്തിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പർണ്ണശാലയിൽ പാചകം പാടില്ല. മകര വിളക്ക് വ്യൂ പോയിന്റുകൾ നേരത്തെ തന്നെ ക്രമീകരിക്കും.

മകരവിളക്കിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കും. മകര വിളക്കിന് കെഎസ്ആർടിസി എണ്ണൂറിലധികം സർവ്വീസുകൾ നടത്തും. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും.
