തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് പൊലീസുകാര്‍ മദ്യപിച്ച സംഭവത്തില്‍ നടപടി. കാറിനകത്ത് ഇരുന്ന് മദ്യപിച്ച ഗ്രേഡ് എഎസ്ഐ അടക്കം ആറ് പൊലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.

ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരാണ്. ഗ്രേഡ് എഎസ്ഐ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ (സിപിഒ) രതീഷ്, മനോജ്, അരുണ്‍, അഖില്‍രാജ്, മറ്റൊരു സിപിഒ ആയ അരുണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും.
പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ ഉദ്യോഗസ്ഥര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥര്‍ സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടപടി ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്കോര്‍പിയോ കാറില്‍ ഇരുന്നാണ് ഇവര്‍ മദ്യപിച്ചത്. സ്റ്റേഷനില്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വാഹനമോടിക്കുന്ന സിപിഒ ഉള്‍പ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ച ശേഷം ഇതേ വാഹനത്തില്‍ ഇവര്‍ വിവാഹ സത്കാരത്തിനായി പോയതായും വിവരങ്ങളുണ്ട്.

