പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്.

2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്.
ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി.

കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

