തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേന്മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എഴുത്തുകാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകള്‍ക്ക് ഏര്‍പ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 2025 ലെ എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

മലയാള സാഹിത്യത്തിന്റെ ജനായത്തവല്‍ക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം വരേണ്യവര്‍ഗത്തിന്റെ മാത്രം കുത്തകയല്ലെന്നും അത് സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും സ്ഥാപിച്ച എഴുത്തച്ഛനാണ് ഭാഷയുടെ വിവിധ ശൈലികളെ സംയോജിപ്പിച്ച് മലയാളത്തിന് പുതിയ മുഖം നല്‍കിയത്. എഴുത്തച്ഛന് തന്റെ കൃതികളില്‍ പുലര്‍ത്തിയിരുന്ന ഭാവനാസ്വാതന്ത്ര്യം ഇന്നത്തെ കാലത്ത് വെല്ലുവിളിക്കപ്പെടുകയാണ്. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശ്രദ്ധവേണം. സമൂഹത്തെ പിന്നോട്ട് നയിക്കാന്‍ പുരാണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ആറ് പതിറ്റാണ്ടിലേറെയായി മലയാള കവിതയിലും ചിന്താലോകത്തും സജീവസാന്നിധ്യമായ അദ്ധേഹം മനുഷ്യത്വത്തിന്റെ സമത്വ ദര്‍ശനമാണ് സാഹ്യത്തിലൂടെ പങ്കിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നീതിയുടെ ഉള്‍ക്കാഴ്ചയാണ് കവിതയുടെ ദീര്‍ഘായുസിന് അടിസ്ഥാനമെന്ന് മറുപടി പ്രസംഗത്തില്‍ കെ.ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഒരു വജ്രായുധത്തിനും നീതിയെ മുറിവേല്‍പ്പിക്കാനാകില്ല. തന്റെ സ്വാതന്ത്ര്യവും സത്യവും ചിന്തയും വാക്കും കവിതയാണെന്നും കെ.ജി.എസ് പറഞ്ഞു.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അദ്ധ്യക്ഷനായ ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ പ്രശസ്തിപത്രം വായിച്ചു. മേയര്‍ വി വി രാജേഷ്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ജോയിന്റ് സെക്രട്ടറി എം രജനി തുടങ്ങിയവര്‍ സംബന്ധിച്ചു.
