
കൊച്ചി: അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

രാജുവിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചാല്‍ മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. പി രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്ട്രോള് കമ്മീഷന് കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാര്‍ട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. പാര്‍ട്ടി നടപടിക്ക് കൂട്ടുനിന്നവര്‍ സംസ്കാരത്തില്‍ പങ്കെടുക്കരുത്. നടപടിയില്‍ മനംനൊന്താണ് പി രാജുവിന്റെ മരണമെന്നും കുടുംബംആരോപിച്ചു. ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് രാജുവിന് ഏറ്റ വലിയ ആഘാതമായിരുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.