കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ കോട്ടയത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് യുഡിഎഫ്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-നു തിരുനക്കരയിലാണ് യോഗം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. വിവിധ യുഡിഎഫ് നേതാക്കൾ പങ്കെടുക്കും. അഗോള അയ്യപ്പ സംഗമത്തിന് ശേഷം എൻഎസ്എസ് സർക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യോഗമെന്നതാണ് ശ്രദ്ധേയം.

എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നും അത് അവരുടെ സ്വാതന്ത്ര്യമാണെന്നും വി ഡി സതീശൻ പറയുമ്പോഴും കോൺഗ്രസിലെ മറ്റു നേതാക്കള്‍ എൻഎസ്എസിന്റെ നിലപാട് മാറ്റത്തിൽ അസ്വസ്ഥരാണ്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ, എൻഎസ്എസിന്റെ പരിഭവം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ.
എൻഎസ്എസിന്റെ മാറ്റം യുഡിഎഫിലെ ഘടകകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്. എൻഎസ്എസിനെ അനുനയിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഎസ്എസ് നേതൃത്വവുമായി ചർച്ചകൾ നടത്താനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ ഒരു തര്‍ക്കവുമില്ലെന്നും അവരുമായി നല്ല ബന്ധത്തിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത്. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ട കാര്യമില്ല. സമദൂരം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറയുന്നു.

