ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച.

സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. പിഎം ശ്രീ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
എംഒയു ഒപ്പിടാന്‍ ഇടയായ സാഹചര്യം മുഖ്യമന്ത്രി തന്നെ എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിക്കും. പിഎം ശ്രീ കരാര്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഒപ്പിടേണ്ടി വന്നതിന്റെ സാഹചര്യം മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചതായാണ് വിവരം.

സിപിഐയുമായി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് സമവായനീക്കം നടത്തുന്നത്. അതേസമയം ആലപ്പുഴയില്‍ പിഎം ശ്രീ വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളാനായി വിളിച്ചുചേര്‍ത്ത സിപിഐ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു. യോഗത്തില്‍ ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

