പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം ഉണ്ടായത്. കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മി, നാലുവയസ്സുകാരൻ യദു കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ചികിത്സയിലാണ്.

സ്കൂളിൽ നിന്ന് കുട്ടികളെ തിരികെ എത്തിക്കുന്നതിനിടയിലാണ് വൈകിട്ട് അപകടം ഉണ്ടാകുന്നത്. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറ് കുട്ടികളായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ആദി ലക്ഷമിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രി എട്ട് മണിയോടെയാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മണിക്കൂറുകളോളമാണ് യദുവിന് വേണ്ടി തിരച്ചിൽ നടത്തിയത്. തുടർച്ചയായി മഴ ഉള്ളതിനാൽ തോട്ടിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.

സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല കുട്ടികൾ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിട്ടിയ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

