പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് കോടതി സംശയമുന്നയിച്ചിരുന്നു.

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചത്. നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിച്ചത്.

