യുഡിഎഫ് കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗം തകർന്ന നിലയിലായിരുന്നു എന്നും അതിനെ പുനരുജ്ജീവിപ്പച്ചത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നമ്മൾ രാജ്യത്തിന് മാതൃകയാണ്. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൻ്റെ ആരോഗ്യരംഗം ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മരുന്നുകളുടെയും കുറവ് മൂലം വളരെ മോശമായ അവസ്ഥയിലായിരുന്നു. എന്നാൽ ആർദ്രം മിഷൻ നടപ്പിലാക്കിയതോടെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നതായും അദ്ദേഹം പറഞ്ഞു.

ഇതിൻ്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുകയും താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
ഈ വികസന പ്രവർത്തനങ്ങളാണ് കോവിഡ് മഹാമാരിയുടെ സമയത്ത് കേരളത്തിന് കരുത്തായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിൽ പോലും ലോകത്തിൻ്റെ പല ഭാഗങ്ങളിലും ചികിത്സാ സൗകര്യങ്ങൾ തികയാതെ വന്നപ്പോൾ, കേരളത്തിലെ ആശുപത്രികളിൽ ബെഡുകൾ, ഐസിയു സൗകര്യങ്ങൾ, ഓക്സിജൻ ബെഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന നേട്ടം ശിശുമരണ നിരക്കിലെ വലിയ കുറവാണ്. കേരളത്തിലെ ശിശുമരണ നിരക്ക് അഞ്ചിലേക്ക് കുറയ്ക്കാൻ സാധിച്ചു. ഇത് വികസിത രാജ്യമായ അമേരിക്കയിലെ നിരക്കിനേക്കാൾ (5.6) മികച്ചതാണ്. ഇന്ത്യയുടെ ദേശീയ ശരാശരി 25 ആണെന്നിരിക്കെ, കേരളത്തിൻ്റെ ഈ നേട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും അഭിമാനകരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃമരണ നിരക്കിലും സമാനമായ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

