കൊച്ചി: സംവിധായകന് പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി. അതിജീവതയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് വലിച്ചിഴച്ചെന്നും ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കി പീഡകന് പി ടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തിയെന്നും ഡബ്ല്യുസിസി പറഞ്ഞു.

നീതിതിന്യായ വ്യവസ്ഥയും ഗവണ്മെന്റിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്ദമാക്കികൊണ്ടിരിക്കുന്നു.
‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും, മാധ്യമങ്ങളും, പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗതലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവത്തതാണെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി വ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നതിനു എളിയ ശ്രമമാണ് ഞങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത്. അതിനിയും തുടരുകതന്നെ ചെയ്യും. ആണ് അധികാരത്തിന്റെ മറവില്‍ നിശബ്ദമാക്കപ്പെട്ട ഒട്ടനവധി അതിജീവിതമാര്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു’ – ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

