തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖ തന്റെ ഓഫീസ് സജ്ജമാക്കാൻ അനുയോജ്യമായ സ്ഥലം തിരയുകയാണ്. ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയുടെ ശ്രദ്ധയിൽപ്പെട്ടത് ശാസ്തമംഗലത്ത് തന്നെയുള്ള കോർപ്പറേഷൻ കെട്ടിടമായിരുന്നു. എന്നാൽ ഇവിടെ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുകയാണ്.

ഉടനെ ഓഫീസ് ഒഴിയണമെന്നും തനിക്ക് അവിടെ ഓഫീസ് സജ്ജമാക്കാനുണ്ടെന്നും ആർ ശ്രീലേഖ ഫോൺ വഴി വി കെ പ്രശാന്തിനെ അറിയിക്കുകയായിരുന്നു. ആര്യാ രാജേന്ദ്രൻ മേയറായ പഴയ കൗൺസിലിന്റെ തീരുമാനപ്രകാരമായിരുന്നു കോർപ്പറേഷൻ കെട്ടിടം വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കാൻ അനുവദിച്ചത്. കോർപ്പറേഷന്റെ കെട്ടിടം തന്റെ ഓഫീസായി പ്രവൃത്തിപ്പിക്കാൻ വിട്ടു കിട്ടണമെന്ന ആവശ്യം ഇന്നലെയാണ് ആർ ശ്രീലേഖ ഫോൺ വഴി എംഎൽഎ വി കെ പ്രശാന്തിനെ അറിയിച്ചത്. എന്നാൽ ഒഴിയാനാവില്ലെന്ന് എംഎൽഎ നിലപാടെടുത്തതായാണ് അറിയുന്നത്.
മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് എംഎൽഎക്ക് കോർപ്പറേഷൻ ചട്ടങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിട്ടും കെട്ടിടം വിട്ടു കൊടുക്കാൻ തയ്യാറാവാത്തത് ആവശ്യമില്ലാതെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. കോർപ്പറേഷൻ ചട്ട പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് അവരവരുടെ വാർഡുകളിൽ ഓഫീസ് സ്ഥാപിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്താം. ഓഫീസ് സജ്ജമാക്കുന്നതിന് മേയർ വഴിയാണ് കൗൺസിലർമാർ അപേക്ഷിക്കേണ്ടത്.

കോർപ്പറേഷൻ കെട്ടിടത്തിലോ പുറത്തോ ഓഫീസ് സ്ഥാപിക്കാം. ഓഫീസ് വാടകയായി പരമാവധി കോർപ്പറേഷൻ 8000 രൂപ വരെ നൽകും. ശാസ്തമംഗലം വാർഡിൽ കോർപ്പറേഷൻ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറിയിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ശ്രീലേഖയുടെ കൗൺസിലർ ഓഫീസും ഇവിടെ സജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയായിരുന്നു.

വർഷങ്ങളായി എംഎൽഎ ഓഫീസ് പ്രവർത്തിച്ചു വരുന്നത് കോർപ്പറേഷൻ കെട്ടിടത്തിലാണെന്നും ഇങ്ങനെ പൊടുന്നനെ ഓഫീസ് മാറുന്നത് പല ആവശ്യങ്ങൾക്കായി തന്നെ കാണാനെത്തുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നുമാണ് വി കെ പ്രശാന്തിന്റെ വാദം. പ്രാഥമികമായി നടന്ന ആശയ വിനിമയത്തിൽത്തന്നെ എംഎൽഎ ഓഫീസ് ഒഴിയാനാവില്ല എന്ന് അറിയിച്ചതോടെ ഇനി കൂടുതൽ തർക്കങ്ങളിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമല്ല.
