തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നതിനിടെ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി നടപ്പാക്കാന്‍ കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്കി. പദ്ധതിക്ക് ആവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തില്‍ ഏര്‍പ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നല്കുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അതിവേഗ ഗതാഗത സംവിധാനം എന്നത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്.

കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുക, തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലപ്പെടുത്തുക എന്നതൊക്കെയാണ് ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രബിന്ദു.

