തൃശൂര്: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയര്മാന് എം ഷാജർ. ഒരു കാരണവശാലും ഇത്തരം ആക്രമണത്തെ കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുന്ന രീതി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വാർത്ത റിപ്പോർട്ടർ ടിവി സൃഷ്ടിച്ചെടുത്ത വാർത്തയല്ലെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് ധാരണയുണ്ട്. അത് കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും നേതാക്കൾ തിരിച്ചറിഞ്ഞതാണ്. വാർത്ത ഏറ്റവും ആദ്യം പുറത്തുവിടുക എന്നത് മാധ്യമ രീതിയാണ്. ഏത് വാർത്തയും ആദ്യം ജനങ്ങളിലെത്തിക്കാനുള്ള സംവിധാനം റിപ്പോർട്ടർ ടിവിക്കുണ്ട്. അത്തരം ചാനലിലൂടെ ഇത്തരം വാർത്ത വരുമ്പോൾ അസഹിഷ്ണുതയല്ല വേണ്ടത്, തെറ്റ് ചെയ്യാതിരിക്കുക എന്നതാണ് ചെയ്യേണ്ടതെന്നും ഷാജർ പറഞ്ഞു.
രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ ഇത്തരം രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ നാളെ ഉമാ തോമസിന്റേയും കെ സി വേണുഗോപാലിന്റെയും വീട് ആക്രമിക്കും എന്ന സൂചനയാണ് യൂത്ത് കോൺഗ്രസ് നൽകുന്നത്. കെ സിയുടെ ഭാര്യ പറഞ്ഞത് റിപ്പോർട്ടർ ടിവി പറഞ്ഞകാര്യം തന്നെയല്ലേയെന്നും ഷാജർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരാധകർക്കും അദ്ദേഹത്തിന്റെ ഗുണ്ടകൾക്കും അവരുടെ നേതാവിനെ സംരക്ഷിക്കണമെങ്കിൽ തെറ്റായ വാർത്തയാണിതെന്ന് വ്യക്തമാക്കി നിയമനടപടി നേരിടുകയാണ് വേണ്ടത്. പുറത്തുവന്ന തെളിവുകളെല്ലാം വ്യാജമാണ് എന്നാണെങ്കിൽ നിയമ സഹായത്തിന് ഞങ്ങളുമുണ്ടാകും. ചെയ്ത തെറ്റ് വാർത്തയായി പുറത്തുവരുമ്പോൾ അത്തരംവാർത്ത പുറത്തുവിടുന്ന മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് ഷാജർ പറഞ്ഞു.

